12:01am 13 November 2026
NEWS
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിയ പല തന്ത്രങ്ങളും ആവർത്തിക്കും; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ ഭരണം തന്നെ
25/01/2026  09:09 AM IST
nila
1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിയ പല തന്ത്രങ്ങളും ആവർത്തിക്കും; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ ഭരണം തന്നെ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ബിജെപി അണിയറയിൽ തയ്യാറാക്കുന്നത്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിയ പല തന്ത്രങ്ങളും ഇക്കുറി ബിജെപി ആയുധമാക്കുമെന്നാണ് സൂചന. കേരളത്തിലെ ആദ്യ സർക്കാരിന് സിപിഐ രൂപം കൊടുക്കുമ്പോൾ സിപിഐ അത്ര വലിയ പാർട്ടി ആയിരുന്നില്ല എന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മറിച്ച്, നേതാക്കളുടെ ജനകീയതയും നിലവിലുണ്ടായിരുന്ന സാമൂഹിക ക്രമം മാറണമെന്ന ജനങ്ങളുടെ ആ​ഗ്രഹവും പ്രാദേശികമായും സാമുദായികമായും സിപിഐ കൈക്കൊണ്ട നിലപാടുകളുമാണ് അന്ന് അധികാരത്തിലേറാൻ ആ പാർട്ടിയെ സഹായിച്ചത്. ഈ തന്ത്രങ്ങളും അതുക്കും മേലുള്ള ചില പൊടിക്കൈകളും ഇക്കുറി തെരഞ്ഞെടുപ്പ് ​ഗോദയിൽ പരീക്ഷിക്കാനാണ് ബിജെപിയും ലക്ഷ്യമിടുന്നത്.

1957ൽ കേരളത്തിലെ ജനങ്ങളിൽ അന്നത്തെ സാമൂഹിക ക്രമത്തിൽ ഒരു മാറ്റമുണ്ടാകണമെന്ന ആ​ഗ്രഹം രൂഢമൂലമായിരുന്നു എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ മാനസികാവസ്ഥ ഇന്നത്തെ മലയാളികളിലുമുണ്ട് എന്ന് ബിജെപി കണക്കുകൂട്ടുന്നു. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച വ്യവസ്ഥയിൽ നിന്നൊരു മാറ്റമാണ് മലയാളികൾ ആ​ഗ്രഹിക്കുന്നത്. ജനകീയരായ നേതാക്കളായിരുന്നു 1957ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തെങ്കിൽ, ഇന്ന് ആ കരുത്ത് കേരളത്തിലെ ബിജെപിക്കുണ്ടെന്നും നേതൃത്വം പറയുന്നു. അതിനാൽ കേരളത്തിൽ ഭരണമാറ്റത്തിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെന്നാണ് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നത്.

കേരളത്തിലെ പ്രബല സമുദായങ്ങളുടെ പിന്തുണ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു എന്നാണ് ബിജെപിയുടെ ലൈൻ. അതിനൊപ്പം അടിസ്ഥാന വിഭാ​ഗങ്ങളും സിപിഐക്കൊപ്പം അടിയുറച്ച് നിന്നു. ജനകീയരും പൊതുജന സമ്മതരുമായ ആളുകളെ സ്വതന്ത്ര സ്ഥാനാർത്ഥികളാക്കി സിപിഐ നടത്തിയ പരീക്ഷണവും അന്ന് വിജയം കണ്ടിരുന്നു. ഇതേ രീതിയിൽ, കേരളത്തിലെ പ്രബല സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കുകയും ജനകീയരായ നേതാക്കളെയും പെതുജന സമ്മതരെയും ഒപ്പം കൂട്ടുകയും ഒപ്പം ജനകീയാടിത്തറയുള്ള  പാർട്ടികളെ കൂടി മുന്നണിയിൽ കൂട്ടുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭയിൽ ​ഗുണം ചെയ്യും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഐക്യ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് തിരു കൊച്ചി അസംബ്ലിയിൽ സിപിഐ ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി എന്നതാണ് ഇതിന് സമാനമായി ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അതേസമയം, ​ഗുജറാത്തിലും സമാനമായ രീതിയിലാണ് ബിജെപി ശക്തി വർധിപ്പിച്ചതെന്നും സംസ്ഥാന ഭരണവും പിന്നീട് രാജ്യാധികാരവും പിടിച്ചെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തിരുവനന്തപുരത്തെ തന്റെ പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ​ഗുജറാത്തിലെ ഒരു കോർപ്പറേഷനിൽ അധികാരം പിടിച്ചായിരുന്നു ബിജെപി ജൈത്രയാത്ര ആരംഭിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. 

അണിയറയിൽ തന്ത്രങ്ങൾ ഒരുങ്ങുന്നു

സംസ്ഥാനമാകെ സമഗ്ര പ്രചാരണത്തിലേക്കല്ല, ശക്തമായ വോട്ടുബാങ്കും വിജയസാധ്യതയും കണക്കിലെടുത്തുള്ള മേഖലകളിലേക്കാണ് പാർട്ടി ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് സൂചന. ഇത്തരം മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേശീയ നേതാക്കൾ ഉടൻ കേരളത്തിലെത്തും. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ അടുത്ത ദിവസങ്ങളിൽ എത്തും. ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഫെബ്രുവരി ആദ്യവാരം സംസ്ഥാന സന്ദർശനം നടത്തും.

ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കും

ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടലിലും വ്യക്തമായ ധാരണയിലെത്താനാണ് നീക്കം. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ഏകദേശം 30 സീറ്റുകൾ നൽകാനാണ് സാധ്യത. എസ്.എൻ.ഡി.പി. യോഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബി.ഡി.ജെ.എസിന് മുൻഗണന നൽകണമെന്ന നിലപാടിലാണ് ബിജെപി. ട്വന്റി 20 ഉൾപ്പെടെയുള്ള മറ്റ് ഘടകകക്ഷികൾക്ക് പത്ത് സീറ്റുകൾ വരെ അനുവദിക്കാനും ആലോചനയുണ്ട്. നൂറോളം മണ്ഡലങ്ങളിൽ പൊതുപ്രസക്തരെയും സാമൂഹിക മേഖലകളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി ബിജെപി നേരിട്ട് മത്സരിക്കും. 

വിജയം ലക്ഷ്യമിടുന്ന പ്രദേശങ്ങൾ

തിരുവനന്തപുരം നഗരത്തിൽ മികച്ച നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. കൊല്ലം നഗരമേഖലകൾ, ആലപ്പുഴ, പത്തനംതിട്ട, ആറന്മുള, പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ, എറണാകുളം ജില്ലയിൽ ട്വന്റി 20 ശക്തമായ പ്രദേശങ്ങൾ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, പാലക്കാട് ടൗൺ, ഷൊർണൂർ, കോഴിക്കോട് നഗരപ്രദേശങ്ങൾ, തലശ്ശേരി, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി കൂടുതൽ ശ്രദ്ധയും സംഘടനാപ്രവർത്തനവും കേന്ദ്രീകരിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img